Thursday, July 9, 2020

അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ - ഷീബ പാലോറയില്‍

വള്‍, മുര്‍ഷിദ ; മറക്കാന്‍ കഴിയാത്ത നിമിഷങ്ങളില്‍ നിന്നോ മറന്നുപോയ നിമിഷങ്ങളില്‍ നിന്നോ അല്ല, മന:പ്പൂര്‍വ്വം മറന്നു വെച്ചിടത്തു നിന്നാണ് അവള്‍ പുനര്‍ജനിക്കുന്നത്. മഹാസങ്കടത്തിന്റെ പിടച്ചിലുകളില്‍ നിന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്നീ കുറിപ്പെഴുതുമ്പോള്‍ വല്ലാത്തൊരു നിസ്സംഗതയാണ് എന്നില്‍ നിറയുന്നത്.
ഹ്യുമാനിറ്റീസ് ക്ലാസിലെ കവയിത്രിയെ മലയാളം അധ്യാപികയ്ക്ക് പരിചയപ്പെടുത്തിയത് ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ഒരിക്കല്‍ എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് പുറത്തിറക്കിയ കവിതാ സമാഹാരത്തിന്റെ കോപ്പി എനിക്ക് കൊണ്ടുവന്ന് തന്നു. അതില്‍ കണ്ടത് ഒരു കൊച്ചു കുട്ടിയുടെ മനസിലെ ചിന്തയായിരുന്നില്ല. പ്രതീക്ഷകളും പ്രത്യാശകളുമി ല്ലാത്ത ജീവിതങ്ങള്‍, ദുരന്തങ്ങള്‍... ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവളുടെ കുടുംബത്തെക്കുറിച്ചറിയുന്നത്. ഒരു ചേട്ടനും രണ്ട് അനിയത്തിമാരും ഉമ്മയും ഉപ്പയുമുള്ള കുടുംബം. ഗള്‍ഫിലായിരുന്ന ഉപ്പ അസുഖബാധിതനായി നാട്ടില്‍ വന്നിട്ട് നാല് വര്‍ഷത്തോളമാവുന്നു. സാമ്പത്തിക ബുദ്ധിമുട്ട് പലപ്പോഴും അവളില്‍ നിഴലിച്ചു കണ്ടു. പഠിക്കാനും കവിതയെഴുതാനും മിടുക്കിയായ അവള്‍ മനോഹരമായി കവിത ചൊല്ലുകയും ചെയ്യുമായിരുന്നു.
പ്രോഗ്രസ് കാര്‍ഡ് ഒപ്പുവെയ്ക്കാന്‍ വന്ന ഉമ്മയെ കണ്ട് സംസാരിച്ചു. എല്ലാ വിഷയത്തിനും 90% ത്തില്‍ കുടുതല്‍ മാര്‍ക്കുണ്ട്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അവളെ പഠിപ്പിക്കണംന്നാ ഉപ്പയ്ക്ക് എന്ന് പറഞ്ഞ് അവരുടെ കണ്ണ് നനഞ്ഞപ്പോ, എല്ലാം നടക്കും എന്ന് ആശ്വസിപ്പിച്ചു.
ആ അധ്യയന വര്‍ഷം അവസാനിച്ചു. ജൂണില്‍  പ്ലസ് ടു വിദ്യാര്‍ത്ഥിനിയായി അവളെത്തിയത് രൂപത്തിലും ഭാവത്തിലും ഒരുപാട് മാറ്റങ്ങളുമായാണ്. ഈ മാറ്റം എന്നെ മാത്രമല്ല അത്ഭുതപ്പെടുത്തിയത്. സ്റ്റാഫ്‌റൂമില്‍ അതൊരു ചര്‍ച്ചാ വിഷയമായി. പ്ലസ്ടു വില്‍ ആ വര്‍ഷം അഡ്മിഷന്‍ വാങ്ങിച്ചുവന്ന സുന്ദരിയായ ഒരു പെണ്‍കുട്ടി അവള്‍ക്ക് കൂട്ടുകാരിയുമായി. പക്ഷേ പഠനത്തില്‍ അലംഭാവമൊന്നുമവള്‍ കാണിച്ചില്ല. സിവില്‍ സര്‍വ്വീസിന്റെ കോച്ചിംഗിന് പോകാന്‍ തുടങ്ങിയ കാര്യവും പറഞ്ഞു. ഉപ്പയാവട്ടെ ഇടയ്ക്കൊക്കെയും വിളിച്ച് അവളുടെ കാര്യങ്ങള്‍ സംസാരിക്കും. കാന്‍സര്‍ രോഗിയായ ആ ഉപ്പയുടെ മുഴുവന്‍ പ്രതീക്ഷയുമായിരുന്നു അവള്‍. സ്‌കൂളില്‍ നിന്നും എല്ലാവിധ സപ്പോര്‍ട്ടും ഞങ്ങള്‍ വാഗ്ദാനം ചെയ്തു.
സാഹിത്യവുമായുള്ള ഒരു സര്‍ഗ്ഗാത്മക ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. സ്‌കൂള്‍ മുറ്റത്തെ മഴ കാണാന്‍, കിഴക്കന്‍ ചക്രവാളത്തിലെ കുങ്കുമവര്‍ണ്ണം പടരുന്നത് കാണാന്‍, ബദാംമരത്തിന്റെ സ്വാസ്ഥ്യത്തിലേക്ക് കൂടണയുന്ന കുഞ്ഞിക്കിളിയെ കാണാന്‍.. ഞാന്‍ പോലുമറിയാത്ത നേരത്തൊക്കെയും അവളെന്റെ ചാരത്ത് വന്നണഞ്ഞു. അവള്‍ നട്ട് നനച്ച് വളര്‍ത്തിയ ചെടികള്‍ പൂവിട്ടപ്പോള്‍ ആ പൂക്കളിറുത്ത് മാലയാക്കി എനിക്ക് മുടിയില്‍ ചൂടാന്‍ കൊണ്ടുവന്ന് തന്നു.
ഒരു തിങ്കളാഴ്ച ക്ലാസിലേക്കുള്ള സ്റ്റെയര്‍കേസിനടിയില്‍ അവളെന്നെ കാത്തുനില്ക്കുന്നു. അടുത്തെത്തിയ പാടെ അവളുടെ തടിച്ചു വീര്‍ത്ത കണ്ണും മുഖവും കണ്ട് ഞാന്‍ ആകാംക്ഷപ്പെട്ടു. ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ പറഞ്ഞു 'ഉപ്പ തല്ലിയതാ.' എന്തിനെന്നുള്ള ചോദ്യത്തിനും ഉത്തരങ്ങള്‍ക്കും മുമ്പേ അവളുടെ ക്ലാസ് ടീച്ചര്‍ വന്നെന്നെ വിളിച്ചു. 'അവള് ചെയ്തൊരു കാര്യം കേള്‍ക്കണോ ടീച്ചറേ, കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് അവള്‍ടെ കൂട്ടുകാരിയെ അവര്‍ക്ക് രണ്ടു പേര്‍ക്കുമറിയാവുന്ന ഒരാളുടെ കാറില്‍ അവള്‍ നിര്‍ബ്ബന്ധപൂര്‍വ്വം കയറ്റി വിട്ടു. എന്നിട്ട് അവളുടെ ഉപ്പയെ വിളിച്ച് നിസ ആരുടെയോ കൂടെ കാറില്‍ പോയെന്ന് പറഞ്ഞു. കാറിന്റെ നമ്പര്‍ സഹിതം പറഞ്ഞതിനാല്‍ ആ കുട്ടിയുടെ ഉപ്പ അവരെ കൈയോടെ പിടിച്ചു. കല്യാണം ഉറപ്പിച്ച കുട്ടിയാ അവളെ ഇനി സ്‌കൂളിലേക്ക് വിടുന്നില്ലെന്നാ അവര് പറയുന്നത്. ഇതൊക്കെ അറിഞ്ഞപ്പോ മുര്‍ഷിദയുടെ ഉപ്പ അവളെ തല്ലിയതാ ടീച്ചറേ. ഈ കുട്ടിക്ക് എന്താ ടീച്ചറേ ഇങ്ങനെയൊക്കെ തോന്നാന്‍? ടീച്ചറൊന്ന് ചോദിച്ച് നോക്കൂ', എന്ന് പറഞ്ഞ് മാഷ് അസ്വസ്ഥനായി.
അവളോട് സംസാരിച്ച എനിക്ക് വ്യക്തമായ ഉത്തരമൊന്നും ലഭിച്ചില്ല. മനസിലായത് കുറേ കള്ളങ്ങള്‍ അവള്‍ പറയുന്നുണ്ടെന്ന് മാത്രമാണ്. അതുവരെയും കണ്ടിട്ടില്ലാത്ത അവളുടെ മറ്റൊരു മുഖം കൂടിയാണ് അന്ന് ഞാന്‍ കണ്ടത്.
ഉപ്പയെ വിളിച്ച് ആശ്വസിപ്പിച്ചു. ഇത്തരത്തില്‍ ഇനിയവളെ അടിക്കരുതെന്ന് പറഞ്ഞു. അവിടുന്നങ്ങോട്ട് ആ കുട്ടിയുടെ ജീവിതം ആകെ തകിടം മറിയുകയായിരുന്നു. ക്ലാസിലെ ആര്‍ക്കും അവളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ആ വര്‍ഷത്തെ കലാമേളയില്‍ കുറേയിനങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാങ്ങി. പക്ഷേ പഠനത്തില്‍ ഏറെ പിന്നോട്ടായി.
ഒന്നാം വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും A+ വാങ്ങിച്ച പെണ്‍ക്കുട്ടി, കഷ്ടിച്ച് ജയിച്ച ഒരു സര്‍ട്ടിഫിക്കറ്റുമായി സ്‌കൂളിന്റെ പടിയിറങ്ങി. പിന്നീട് ഒരിക്കല്‍ പോലും അവളെന്നെ കാണാന്‍ ശ്രമിക്കുകയോ ഫോണ്‍ ചെയ്യുകയോ ഉണ്ടായില്ല. അത്രമേല്‍ മാറിപ്പോയിരുന്നു അവള്‍. ഉപ്പയാണ് പറഞ്ഞത് ഒരു പ്രൈവറ്റ് കോളേജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്ന് പഠിക്കുന്നൂന്ന്. ആ പിതാവ് ഇനിയും ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാത്തവിധം തകര്‍ന്ന് പോയിരുന്നു. വീണ്ടും കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് അറിഞ്ഞത് അവളുടെ കല്യാണം കഴിഞ്ഞെന്നാണ്. സുഖമായിരിക്കട്ടെയെന്ന് മനസുകൊണ്ട് ആശംസിച്ചു.
ജീവിതത്തിന്റെ നൈരന്തര്യങ്ങളില്‍പ്പെട്ട് ഒഴുകി നീങ്ങുന്നതിനിടയില്‍ സ്‌കൂളില്‍ പുതിയ പുതിയ കുട്ടികള്‍ വന്നുംപോയുമിരുന്നു. ഒരുച്ചനേരം ക്ലാസ് കഴിഞ്ഞ് വന്ന് മൊബൈല്‍ തുറന്ന് നോക്കിയപ്പോള്‍ എപ്പോഴോ വന്നുകിടക്കുന്ന ഒരു മെസേജാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. 'ടീച്ചര്‍ മുര്‍ഷിദ പോയി.' അവളുടെ ക്ലാസിലുണ്ടായിരുന്ന ഒരു പയ്യനാണ്. മറു ചോദ്യങ്ങളൊന്നും ചോദിക്കാനാവാതെ ആ അക്ഷരങ്ങളിലേക്ക് നോക്കിയിരുന്നു, സത്യമായിരിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ...
ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങള്‍... കഥകള്‍ മെനഞ്ഞെടുക്കാന്‍ എത്രയെളുപ്പം... പല പല കഥകള്‍ കേട്ടു. പക്ഷേ എന്റെയുള്ളില്‍ ഒരേയൊരു ചോദ്യമേയുള്ളൂ അവളുടെ സ്വപ്നങ്ങളും മോഹങ്ങളും തല്ലിക്കൊഴിച്ചു കളഞ്ഞതാര്?

Wednesday, July 8, 2020

കൊറോണ: പ്രശസ്ത ബാലസാഹിത്യകാരന്‍ പകല്‍ക്കുറി വിശ്വന്‍ രചിച്ച കവിത

കൊറോണ
പ്രശസ്ത ബാലസാഹിത്യകാരന്‍ 
പകല്‍ക്കുറി വിശ്വന്‍ രചിച്ച 
കവിത കേള്‍ക്കൂ... 
ആലാപനം - ഷീല മധു


Plus two updates

ഹയര്‍ സെക്കന്‍ഡറി സിലബസ്, പരീക്ഷ തുടങ്ങിയവയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ചോദ്യമാതൃകകളും