
മലയാളം
കേരളപാഠാവലി
1. വിദ്യയുടെ ഗുണങ്ങളില്‍ പെടാത്തത് ഏതാണ്?
◼ മോഹങ്ങളെ ഇല്ലാതാക്കുന്നു.
◼ ആത്മാവാണ് പ്രധാനമെന്ന് പഠിപ്പിക്കുന്നു.
◼ സംസാരനാശിനിയാണ്.
◼ ദേഹത്തെക്കുറിച്ച് അഭിമാനമുണ്ടാക്കുന്നു.
ഉത്തരം: ദേഹത്തെക്കുറിച്ച് അഭിമാനമുണ്ടാക്കുന്നു.
2. ''ഈ കുട്ടിയുടെ അമ്മയുടെ പേരു ചോദിച്ചാലോ? അല്ലെങ്കില്‍ പരസ്ത്രീപ്രസംഗം ശരിയല്ല.''
- ഈ വാക്യം വെളിപ്പെടുത്തുന്ന ദുഷ്ഷന്തന്റെ സ്വഭാവസവിശേഷത?
◼ സ്ത്രീകളോടുള്ള ബഹുമാനക്കുറവ്
◼ അഹങ്കാരം
◼ പുച്ഛം
◼ കുലീനത
ഉത്തരം: കുലീനത
3. മെത്രാന്‍ ഴാങ് വാല്‍ ഴാങ്ങിന് മെഴുതിരിക്കാലുകള്‍ നല്‍കിയതിന്റെ ഉദ്ദേശ്യമെന്തായിരിക്കും?
വെള്ളിസ്സാമാനങ്ങള്‍ മോഷ്ടിച്ചയാള്‍ക്ക് മെത്രാന്‍ വെള്ളിമെഴുതിരിക്കാലുകള്‍ കൂടി നല്‍കിയത് അയാള്‍ ഇനിയൊരിക്കലും തിന്മയുടെ വഴിയിലേക്ക് തിരിച്ചുപോകരുതെന്ന ഉദ്ദേശ്യത്തോടെയാണ്. സത്യസന്ധതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും മെഴുതിരിക്കാലുകളാണ് മെത്രാന്‍ ഴാങ് വാല്‍ ഴാങ്ങിന് നല്‍കിയത്.
4. സ്വാഭാവികവും നാടകീയവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കാളിദാസന്‍ ദുഷ്ഷന്തന്റെയും ശകുന്തളയുടെയും സര്‍വദമനന്റെയും സമാഗമം ഒരുക്കിയിരിക്കുന്നത്. 'ഋതുയോഗം' എന്ന പാഠഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
ഇന്ദ്രലോകത്തില്‍നിന്ന് മടങ്ങിവരുന്നതിനിടയില്‍ ദുഷ്ഷന്തന്‍ കശ്യപാശ്രമത്തിലെത്തുന്നു. അത്യന്തം നാടകീയമാണ് കുസൃതിയായ സര്‍വദമനന്റെ രംഗപ്രവേശം. അവന്റെ കൈയില്‍നിന്ന് ഊര്‍ന്നുവീണ രക്ഷയുടെ കഥയിലൂടെ വളരെ സ്വാഭാവികമായി ദുഷ്ഷന്തന്‍ മകനെ തിരിച്ചറിയുന്നു. മകനോടൊപ്പം ദുഷ്ഷന്തന്‍ ശകുന്തളയെ കാണുന്ന സന്ദര്‍ഭവും ഏറെ ഭാവതീവ്രമാണ്. ശകുന്തളയുടെ കാലില്‍വീണ് ക്ഷമചോദിക്കുന്ന രംഗം ദുഷ്ഷന്തന്റെ മഹത്ത്വം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകള്‍ കൃത്യമായി വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളിലൂടെ വളരെ സ്വാഭാവികമായാണ് ഇവരുടെ സമാഗമത്തില്‍ എത്തിച്ചേരുന്നത്. കഥാസന്ദര്‍ഭങ്ങളുടെ സ്വാഭാവികതയും നാടകീയതയും മാത്രമല്ല, ആഴവും സൂക്ഷ്മതയും കാളിദാസപ്രതിഭയുടെ മഹത്ത്വം വെളിപ്പെടുത്തുന്നു.
5. ''എക്കാലത്തും പ്രസക്തങ്ങളായ ജീവിതപാഠങ്ങളാണ് എഴുത്തച്ഛന്റെ കവിതകളുടെ പ്രധാന സവിശേഷത.'' ഈ പ്രസ്താവനയുടെ സാധുത താഴെ കൊടുത്തിരിക്കുന്നവയും 'ലക്ഷ്മണസാന്ത്വനം' എന്ന പാഠഭാഗവും വിശകലനം ചെയ്ത് ഉപന്യാസം തയാറാക്കുക.
◼ ''പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.''
◼ ''ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണയം''
ധാര്‍മ്മികതയും മൂല്യബോധവും നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു എഴുത്തച്ഛന്റെ കാലഘട്ടത്തിലെ കേരളീയസമൂഹം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ് കൊടികുത്തിവാണിരുന്നത്. നഷ്ടപ്പെട്ടു
പോയ മൂല്യങ്ങള്‍ വീണ്ടെടുത്ത് സമൂഹത്തിന് വ്യക്തമായ ദിശാബോധം നല്‍കുക എന്ന ദൗത്യം എഴുത്തച്ഛന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ രചനകള്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളവയാണ്.
മനുഷ്യജീവിതത്തെ ആഴത്തിലും പരപ്പിലും അറിഞ്ഞ കവിയാണ് എഴുത്തച്ഛന്‍. അദ്ദേഹത്തിന്റെ രചനകള്‍ ആധ്യാത്മികജീവിതത്തിന്റെ മഹത്ത്വമാണ് പ്രഘോഷിക്കുന്നത്. എക്കാലത്തും മനുഷ്യര്‍ പാലിക്കേണ്ട ധാര്‍മ്മികതയും ഭക്തിയും ആദര്‍ശശുദ്ധിയുമെല്ലാമാണ് തന്റെ കൃതികളിലൂടെ അദ്ദേഹം പകര്‍ന്നുകൊടുത്തത്. ഈ ലോകമാണ് ശരി എന്ന തോന്നലാണ് അറിവില്ലായ്മ. അതാണ് ക്രോധത്തിനും കാരണം. അതു നമ്മെ അധര്‍മ്മത്തിലേക്കു നയിക്കും. ഉറ്റവരെപ്പോലും കൊല്ലാന്‍ ക്രോധം കാരണമായിത്തീരും. അതുകൊണ്ടാണ് ക്രോധം ഉപേക്ഷിക്കണമെന്ന് പറയുന്നത്. ഈ ഉപദേശങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. പ്രത്യുപകാരം ചെയ്യാന്‍ മടിക്കുന്നവര്‍ മരിച്ചവര്‍ക്ക് തുല്യരാണ്, ആപത്തുകാലത്ത് കൂടെ ആരുമുണ്ടാവുകയില്ല എന്നിങ്ങനെയുള്ള നിരീക്ഷണങ്ങളും എഴുത്തച്ഛന്റെ ആഴമേറിയ ജീവിതാവബോധത്തിന്റെ തെളിവുകളാണ്.
ആചാര്യനായ കവിയാണ് എഴുത്തച്ഛന്‍. കാരണം പുതുതലമുറയെ നയിക്കേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹം ലോകത്തെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ക്ക് ഇന്നു മാത്രമല്ല, എക്കാലത്തും പ്രസക്തിയുണ്ട്.
യൂണിറ്റ് 2: അനുഭൂതികള്‍ ആവിഷ്‌കാരങ്ങള്‍
6. 'വിശ്വരൂപം' എന്ന കഥയുമായി യോജിക്കാത്തത് ഏതാണ്?
◼ മക്കളെ സ്‌നേഹിക്കാന്‍ മറന്നുപോയ അമ്മ
◼ വാര്‍ധക്യത്തിലെ ഒറ്റപ്പെടല്‍
◼ കുട്ടികളെ ബോര്‍ഡിങ്ങില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍
◼ തനിക്കു പറ്റിയ പിഴവുകള്‍ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന അമ്മ
ഉത്തരം: കുട്ടികളെ ബോര്‍ഡിങ്ങില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍
7. ''അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ, വിവേകികള്‍.''
ഈ ആശയവുമായി യോജിക്കുന്ന വരികള്‍ കണ്ടെത്തുക.
◼ ''സ്‌നേഹമാണഖിലസാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം''
◼ ''താന്‍ കൊടുംവെയില്‍ കൊണ്ടിട്ടു
തണലേകുന്നു തൈമരം''
◼ ''വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം''
◼ ''പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം''
ഉത്തരം: ''താന്‍ കൊടുംവെയില്‍ കൊണ്ടിട്ടു
തണലേകുന്നു തൈമരം''
8. ''ഭവാനു പണ്ടിഷ്ടയാം നളിനി'' എന്ന് നളിനി തന്നെ ദിവാകരന് പരിചയപ്പെടുത്താനുള്ള കാരണം എന്താണ്?
നളിനിയുടെ പണ്ടത്തെ കളിക്കൂട്ടുകാരനായിരുന്ന ദിവാകരന്‍ ഇപ്പോള്‍ സന്ന്യാസിയാണ്. അദ്ദേഹത്തിന് ഇപ്പോള്‍ നളിനിയോട് പണ്ടത്തെപ്പോലെ ഇഷ്ടമുണ്ടോ എന്ന് നിശ്ചയമില്ലാത്തതുകൊണ്ടാണ് ഭവാനു പണ്ടിഷ്ടയാം നളിനിയെന്ന് പരിചയപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയപ്പോള്‍ പണ്ടത്തെ കളിക്കൂട്ടുകാരിയാണ് താനെന്ന് നളിനി ഓര്‍മ്മപ്പെടുത്തുന്നതായും ഈ പരിചയപ്പെടുത്തലിനെ കണക്കാക്കാം.
9. ''മിസ്സിസ് തലത്തിനെ അന്വേഷിച്ചുപോയ സുധീര്‍ കണ്ടെത്തിയത് പരാജിതയായ ഒരു അമ്മയെയാണ്'' - ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
സമൂഹത്തിലെ ഉന്നതശ്രേണിയില്‍ വ്യാപരിച്ചിരുന്ന പ്രൗഢയായ മിസ്സിസ് തലത്തിനെ കാണുവാന്‍വേണ്ടിയാണ് സുധീര്‍ പോയത്. പക്ഷേ, എല്ലാവരാലും പരിത്യജിക്കപ്പെട്ട്ഒ റ്റപ്പെട്ടു കഴിയുന്ന ഒരു അമ്മയെയാണ് സുധീര്‍ അവിടെ കണ്ടത്. സ്വന്തം മക്കളുടെ ഹൃദയത്തില്‍ സ്ഥാനംകിട്ടാത്ത ഒരമ്മയായിരുന്നു മിസ്സിസ് തലത്ത്. കാരണം ഹോസ്റ്റലും ബോര്‍ഡിങ്ങുമായിരുന്നു കുട്ടികളുടെ ലോകം. വിരുന്നുസല്‍ക്കാരങ്ങളുടെയും പൊതുചടങ്ങുകളുടെയും തിരക്കുകള്‍ കഴിഞ്ഞ് യഥാര്‍ഥ ജീവിതത്തിലെത്തിയപ്പോഴാണ് മക്കളുടെ മനസ്സില്‍പ്പോലും താനില്ലെന്ന് അവര്‍ മനസ്സിലാക്കിയത്. മക്കളെ സ്‌നേഹിക്കാന്‍ കൊതിക്കുന്ന, അവരുടെ സ്‌നേഹം കൊതിക്കുന്ന നിസ്സഹായയായ അമ്മ. അവര്‍ സുധീറിന് ഭക്ഷണം വിളമ്പിക്കൊടുത്തു. അവരുടെ വാക്കിലും നോക്കിലുമെല്ലാം സ്‌നേഹം നിറഞ്ഞുതുളുമ്പി. ജീവിതത്തില്‍ അമ്പേ പരാജയപ്പെട്ട ഒരമ്മയെയാണ് സുധീര്‍ അവരില്‍ കണ്ടത്. തനിക്കു പറ്റിയ തെറ്റുകള്‍ സുധീറിന്റെ വരാന്‍ പോകുന്ന ഭാര്യയ്ക്ക് സംഭവിക്കാതിരിക്കാനുള്ള ഉപദേശവും അവര്‍ നല്‍കി. തീര്‍ച്ചയായും സുധീര്‍ കണ്ടെത്തിയത് മിസ്സിസ് തലത്ത് എന്ന സാമൂഹികപ്രവര്‍ത്തകയെയല്ല, സ്‌നേഹം കൊതിക്കുന്ന അമ്മയെത്തന്നെയാണ്.
10. കഥാപാത്രസൃഷ്ടിയിലെ സവിശേഷതകള്‍
◼ രചനാതന്ത്രം
◼ പാരിസ്ഥിതികപശ്ചാത്തലം
◼ ആഖ്യാനശൈലി, ഭാഷ
◼ സാമൂഹികപശ്ചാത്തലം
ഇവയെല്ലാം പരിഗണിച്ച് 'കടല്‍ത്തീരത്ത്' എന്ന കഥയ്ക്ക് ആസ്വാദനം
തയാറാക്കുക.
ഒ.വി. വിജയന്‍ എഴുതിയ 'കടല്‍ത്തീരത്ത്' എന്ന കഥ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥകളിലൊന്നാണ്. പരിഷ്‌കാരത്തിന്റെയും നിയമത്തിന്റെയും മുന്നില്‍ നിസ്സഹായരായിപ്പോവുന്ന പാവങ്ങളുടെ കഥയാണിത്. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട മകന്റെ ജഡം ഏറ്റുവാങ്ങുന്നതിനുവേണ്ടി
പുറപ്പെടുന്ന ഒരു വൃദ്ധപിതാവിന്റെ മനസ്സാണ് കഥയുടെ പ്രമേയം. കണ്ടുണ്ണിയും വെള്ളായിയപ്പനുമാണ് പ്രധാന കഥാ
പാത്രങ്ങള്‍. യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍ മാത്രമല്ല, പനമ്പട്ടകളില്‍ വീശിയടിക്കുന്ന കാറ്റും നടന്നുനടന്ന് വിളറിയ മഞ്ഞനിറം ബാധിച്ച നടവഴിയും
പുഴയുമെല്ലാം ജീവനുള്ള കഥാപാത്രങ്ങളായിത്തന്നെ നമുക്കനുഭവപ്പെടും. വെള്ളായിയപ്പനുവേണ്ടി ഭാര്യയായ കോടച്ചി പൊതിഞ്ഞുകൊടുത്ത ചോറ് കഥയുടെ തുടക്കം മുതല്‍ ഒടുക്കം വരെ അമ്മയുടെ നിശ്ശബ്ദസാന്നിധ്യമായി വെള്ളായിയപ്പനോടൊപ്പമുണ്ട്. കഥാന്ത്യത്തില്‍ ഈ പൊതിച്ചോറ് ബലിച്ചോറായിത്തീരുകയും ചെയ്യുന്നു.
ഗ്രാമത്തിന്റെ വിശുദ്ധിയും സ്‌നേഹവും മാത്രമല്ല, ഉദ്യോഗസ്ഥരും പരിഷ്‌കാരികളെന്നു ഭാവിക്കുന്ന നഗരവാസികളും ഗ്രാമീണരായ പാവങ്ങളോട് കാണിക്കുന്ന പുച്ഛവും ക്രൂരമായ പരിഹാസവുമെല്ലാം കഥയില്‍ പ്രതിഫലിക്കുന്നുണ്ട്. തകര്‍ന്ന ഹൃദയവുമായി നടന്നുനീങ്ങുന്ന വെള്ളായിയപ്പനെ മരയ്ക്കാരും നീലിയും പേരുവിളിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പക്ഷേ, ആ വാക്കുകള്‍ക്കിടയിലെ മൗനത്തി
നും നിശ്ശബ്ദതയ്ക്കും കടലിനേക്കാള്‍ ആഴമുണ്ട്. കഥയെ ഭാവതീവ്രമാക്കുന്നതില്‍ അവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ലളിതമായ ഭാഷ, വളച്ചുകെട്ടില്ലാത്ത അവതരണരീതി, വാക്കുകളിലെ മിതത്വം എന്നിവ ഈ കഥയുടെ എടുത്തുപറയേണ്ട സവിശേഷതകളാണ്.
ചെറുകഥകള്‍, നോവലുകള്‍, കാര്‍ട്ടൂണുകള്‍ എന്നിവയിലൂടെ വായനക്കാരുടെ മനസ്സില്‍ സ്ഥാനംനേടിയ പ്രതിഭയാണ്
ഒ. വി. വിജയന്‍. 'കടല്‍ത്തീരത്ത്' എന്ന കഥ ആ മഹാപ്രതിഭയുടെ തിളക്കം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.
യൂണിറ്റ് 3: സംഘര്‍ഷങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍
11. 'കലാശം ചവിട്ടുക' എന്നത് കഥകളിയുമായി ബന്ധപ്പെട്ടുണ്ടായ ശൈലിയാണ്. ഇതിന്റെ അര്‍ഥം താഴെക്കൊടുത്തിരിക്കുന്നതില്‍ ഏതാണ്?
◼ ചുരുക്കിപ്പറയുക
◼ അവസാനിപ്പിക്കുക
◼ ആരംഭം കുറിക്കുക
◼ പരസ്യപ്പെടുത്തുക
ഉത്തരം: അവസാനിപ്പിക്കുക
12. 'ഭാഗീരഥീകച്ഛം' എന്ന പദത്തിന്റെ ശരിയായ വിഗ്രഹാര്‍ഥം ഏത്?
◼ ഭാഗീരഥിയുടെ കച്ഛം
◼ ഭാഗീരഥിയും കച്ഛവും
◼ ഭാഗീരഥിയാകുന്ന കച്ഛം
◼ ഭാഗീരഥിയെന്ന കച്ഛം
ഉത്തരം: ഭാഗീരഥിയുടെ കച്ഛം
13. ''ദുഷ്‌കരമായിട്ടൊന്നുമില്ല കേള്‍
മത്സഹായമുണ്ടായാലേവനും ''
- കലിയുടെ ഈ വാക്കുകള്‍ 'പ്രലോഭനം' എന്ന ശീര്‍ഷകത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ? കണ്ടെത്തിയെഴുതുക.
പ്രതിഫലിപ്പിക്കുന്നുണ്ട്. നളന്റെ രാജപദവിയിലും ജനങ്ങള്‍ നല്‍കുന്ന അംഗീകാരത്തിലും കടുത്ത അസൂയയും അമര്‍ഷവുമുള്ളയാളാണ് പുഷ്‌കരന്‍. തന്റെ സഹായമുണ്ടെങ്കില്‍ ആര്‍ക്കും ഏതാഗ്രഹവും സാധിച്ചെടുക്കാന്‍ കഴിയും എന്ന കലിയുടെ വാക്കുകള്‍ പുഷ്‌കരനെ വലയില്‍ വീഴ്ത്തുവാന്‍ ശക്തിയുള്ള പ്രലോഭനമാണ്. 'പ്രലോഭനം' എന്ന ശീര്‍ഷകം പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമാവുന്നത് അതുകൊണ്ടാണ്.
14. ''മനുഷ്യന് എല്ലാ ചുമടുകളും ഇറക്കിവയ്ക്കാനൊക്കുമോ? സഹിക്കാനൊന്നുമില്ലാത്ത ജീവിതം യഥാര്‍ഥത്തില്‍ ജീവിതമാണോ?''
(ആത്മാവിന്റെ വെളിപാടുകള്‍)
ഈ വാക്യങ്ങള്‍ വെളിപ്പെടുത്തുന്ന ദസ്തയേവ്‌സ്‌കിയുടെ ജീവിതദര്‍ശനത്തെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
ജീവിതത്തെ അതിന്റെ എല്ലാ പോരായ്മകളോടും കൂടെ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു ദസ്തയേവ്‌സ്‌കി. ചുഴലിരോഗം, ദാരിദ്ര്യം, ചൂതുകളി, കടബാധ്യതകള്‍ തുടങ്ങി ധാരാളം പ്രതിസന്ധികളുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതുകൂടാതെയാണ് ജ്യേഷ്ഠന്റെ കുടുംബത്തിന്റെ പ്രാരബ്ധങ്ങള്‍ കൂടി അദ്ദേഹം ഏറ്റെടുക്കുന്നത്. ആദ്യ ഭാര്യയായ മേരിയായോടൊത്തുള്ള അദ്ദേഹത്തിന്റെ ജീവിതവും നരകതുല്യമായിരുന്നു. മേരിയായുടെ മകന്‍ പാഷയുടെ കുത്തഴിഞ്ഞ ജീവിതത്തിനുള്ള പണവും ദസ്തയേവ്‌സ്‌കി കണ്ടെത്തേണ്ടിയിരുന്നു. എങ്കിലും ഈ ദുരിതങ്ങളെ ഒരിക്കലും അദ്ദേഹം പഴിപറഞ്ഞില്ല. ത്യാഗവും സഹനവുമാണ് ജീവിതത്തിന് അര്‍ഥവും മൂല്യവും നല്‍കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതത്തെ കൂടുതല്‍ സ്‌നേഹിക്കാനാണ് ഓരോ ദുരിതവും അദ്ദേഹത്തെ പഠിപ്പിച്ചത്.
15. ◼ ''ഈ ജയം ജയമല്ല, മറിച്ച് പരാജയം തന്നെയാണ്.''
◼ ''ഭാരതമാകട്ടെ, നടന്ന കഥ മാത്രമല്ല, നടക്കാനിരിക്കുന്ന കഥകൂടിയാണെന്ന് എവിടെ നോക്കിയാലും കാണുന്നു.''
യുദ്ധത്തില്‍ വിജയികളില്ല, പരാജിതരേയുള്ളൂ എന്ന തിരിച്ചറിവാണ് മഹാഭാരതകഥ പകര്‍ന്നുനല്‍കുന്നത്. 'യുദ്ധത്തിന്റെ പരിണാമം' എന്ന പാഠഭാഗവും സമകാലികലോകസാഹചര്യങ്ങളും വിലയിരുത്തി 'യുദ്ധം മാനവരാശിക്കാപത്ത്' എന്ന വിഷയത്തില്‍ ഉപന്യാസം തയാറാക്കുക.
യുദ്ധങ്ങള്‍ക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കഥ മാത്രമാണ്. രണ്ട് ലോകയുദ്ധങ്ങളും നൂറുകണക്കിന് ചെറുയുദ്ധങ്ങളും ഇന്നുവരെ പഠിപ്പിച്ച പാഠമാണിത്. യുദ്ധങ്ങള്‍ വിനാശം മാത്രമാണ് തരുന്നതെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെട്ടിട്ടും ഇപ്പോഴും രാജ്യങ്ങള്‍ ആയുധങ്ങള്‍ സ്വരുക്കൂട്ടുന്ന തിരക്കിലാണ്.
എത്രയോ നൂറ്റാണ്ടുകാലത്തെ എത്രയോ മനുഷ്യരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് സംസ്‌കാരങ്ങളും അവയുടെ വിലപ്പെട്ട ശേഷിപ്പുകളും. മാനവരാശിയുടെ വളര്‍ച്ചയുടെ പടവുകള്‍ രേഖപ്പെടുത്തിയ വിലപ്പെട്ട അടയാളങ്ങളാണവ. എത്രയോ പേരുടെ കണ്ണീരും സ്വപ്‌നങ്ങളും വിയര്‍പ്പും അവയില്‍ പതിഞ്ഞിട്ടുണ്ട്. അവയുടെ അസ്തിവാരങ്ങള്‍ തകര്‍ത്തെറിയാന്‍ ബോംബര്‍വിമാനങ്ങള്‍ക്ക് നിമിഷങ്ങള്‍ മാത്രം മതി. നിരപരാധികളായ കോടിക്കണക്കിന് മനുഷ്യരുടെ ജീവനും സമ്പത്തും ചാമ്പലാക്കാന്‍ അത്രപോലും സമയം വേണ്ട. പരിക്കേറ്റ് രോഗികളായി അവനവനും മറ്റുള്ളവര്‍ക്കും ഭാരമായി അവശേഷിക്കുന്നവരുടെ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത കണക്കുകള്‍ ഇതിനുപുറമെയാണ്. വിനാശംമാത്രമാണ് ഓരോ യുദ്ധത്തിലും സംഭവിക്കുന്നത്. മാനവരാശിയെയും ഭൂമിയെയും നൂറുവട്ടം തകര്‍ത്തു തരിപ്പണമാക്കാന്‍ കഴിവുള്ള എത്രയേറെ അണുബോംബുകള്‍ രാജ്യങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ഒരു യുദ്ധം അടുത്തതിന്റെ മാതാവാണ്. പരാജയപ്പെടുന്നവന്റെ പകയാണ് അടുത്ത യുദ്ധത്തിന്റെ വിത്ത്. ഓരോ ആക്രമണവും പരസ്പരവിശ്വാസമില്ലായ്മയുടെ വേരുകളാണ് നമ്മുടെ മനസ്സിലേക്ക് കുത്തിയിറക്കുന്നത്. ഭൂമിയുടെ ജൈവികസമ്പത്തും യുദ്ധങ്ങളുടെ ഫലമായി നശിച്ചുപോകുന്നു. രോഗവും ദാരിദ്ര്യവും പെരുകിവരുന്നതിന്റെ കാരണവും മറ്റൊന്നല്ല. വിശേഷബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യന്‍മാത്രമാണ് യുദ്ധമെന്ന വിനാശകരമായ വിനോദത്തില്‍ രസിക്കുന്നത്. നിറഞ്ഞ ആയുധപ്പുരകള്‍ക്കു മുകളിലിരുന്നുകൊണ്ടാണ് നമ്മള്‍ ലോകസമാധാനത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്.
സ്വാര്‍ഥതയുടെയും പകയുടെയും കറപുരളാത്ത പുതുതലമുറയിലൂടെ മാത്രമേ യുദ്ധമെന്ന മഹാവിപത്തില്‍നിന്ന് രക്ഷനേടാന്‍ മാനവരാശിക്കു കഴിയുകയുള്ളൂ. അതിര്‍വരമ്പുകളില്ലാതെ സ്‌നേഹിക്കാനും പങ്കുവയ്ക്കാനുമുള്ള മനസ്സ് കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരികയാണ് പ്രധാനം. മതങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പ്രഭാഷണങ്ങളല്ല, ഇച്ഛാശക്തിയോടെയും കൃത്യമായ ലക്ഷ്യബോധത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.
യൂണിറ്റ് 4: വാക്കുകള്‍ സര്‍ഗതാളങ്ങള്‍
16. ''ദിവസം മുഴുവനും അലഞ്ഞുനടന്ന് വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക്?'' ലിംബാളെയുടെ ഈ വാക്കുകളില്‍ പ്രതിഫലിക്കുന്ന ഭാവം?
◼ പ്രതീക്ഷ ◼ പ്രതികാരം
◼ പ്രതിഷേധം ◼ പ്രസന്നത
ഉത്തരം: പ്രതിഷേധം
17. ''കോടികോടി പുരുഷാന്തരങ്ങളില്‍-
ക്കൂടി നേടിയതാണതിന്‍ ശക്തികള്‍''
ഈ വരികളില്‍നിന്ന് കാവ്യരചനയുമായി ബന്ധപ്പെട്ട് വ്യക്തമാകുന്നത് എന്ത്?
◼ അലങ്കാരം, ബിംബം തുടങ്ങിയവ കവിതയ്ക്ക് ശക്തി നല്‍കുന്നു.
◼ കാവ്യപാരമ്പര്യത്തിന് ദീര്‍ഘകാലചരിത്രമുണ്ട്.
◼ കവിതയുടെ ശക്തി കുറഞ്ഞുവരുന്നു
◼ കവിത പുരുഷന്റെ സൃഷ്ടിയാണ്
ഉത്തരം:കാവ്യപാരമ്പര്യത്തിന് ദീര്‍ഘകാലചരിത്രമുണ്ട്.
18. തന്റെ കത്തുവായിച്ച് മനസ്സുമാറ്റമുണ്ടായ വ്യക്തിയെ നേരിട്ടു കണ്ടപ്പോള്‍ എസ്.കെ.പൊറ്റെക്കാട്ടിന് സഹതാപവും ചിരിയും വന്നതെന്തുകൊണ്ട്?
മകന്റെ അവഗണനയില്‍ മനസ്സുരുകി മരിച്ച വൃദ്ധയായ അമ്മയുടെ ജീവിതകഥകള്‍ ഓര്‍ത്തപ്പോഴാണ് എസ്.കെ. പൊറ്റെക്കാട്ടിന് സഹതാപം തോന്നിയത്. തന്റെ മുന്നില്‍ നില്‍ക്കുന്ന വൃദ്ധയുടെ മകന് അയാളുടെ ഭാര്യയുടെ നടപടിദൂഷ്യം തിരിച്ചറിയാന്‍ പതിനേഴു കൊല്ലം വേണ്ടിവന്നുവല്ലോ എന്ന് ഓര്‍ത്തപ്പോഴാണ് എസ്. കെ. പൊറ്റെക്കാട്ടിന് ചിരി വന്നത്.
19. 'അശ്വമേധം' എന്ന കവിതയ്ക്ക് താഴെ കൊടുത്ത വരികള്‍ നല്‍കുന്ന സവിശേഷ ആശയതലം വിശദീകരിക്കുക.
''ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാന്‍
മായുകില്ലെന്റെ ചൈതന്യവീചികള്‍!
ഈശ്വരനല്ല, മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍!''
മനുഷ്യന്റെ സര്‍ഗശക്തിയാണ് പ്രപഞ്ചത്തെ മുന്നോട്ടുനയിക്കുന്നതെന്നു പ്രഖ്യാപിക്കുന്ന കവിതയാണ് വയലാര്‍
രാമവര്‍മ്മയുടെ 'അശ്വമേധം'. അജയ്യമായ മനുഷ്യശേഷി എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് ഇതില്‍ കവി പറയുന്നു. ഈ മണ്ണിനെ പൊന്നണിയിച്ച തന്റെ പൂര്‍വികരില്‍നിന്നും കവി സര്‍ഗശക്തിയുടെ
യാഗാശ്വത്തെ കൈക്കലാക്കി. ഈ യുഗത്തിന്റെ സാമൂഹികശക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഇക്കാലത്തെ മുന്നോട്ടു
നയിക്കാനും സംസ്‌കാരമണ്ഡലത്തില്‍ കാലോചിതമായ മാറ്റംവരുത്താനും അദ്ദേഹത്തിനു കഴിയും. താന്‍ ഈശ്വരനോ മാന്ത്രികനോ അല്ല, പ്രകൃതിയുടെ വിശുദ്ധിയെ തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മനുഷ്യത്വം മാത്രമാണെന്ന് കവി പറയുന്നു. നന്മയും വിശുദ്ധിയും ധാര്‍മ്മികതയുമുള്ള യഥാര്‍ഥമനുഷ്യന്‍ ഈശ്വര
നുതുല്യനാണ് എന്ന സൂചന ഈ വരികള്‍ നല്‍കുന്നു. മതമോ അധികാരമോ
പാണ്ഡിത്യമോ അല്ല, മണ്ണില്‍ പണിയെടുക്കുന്ന സാധാരണമനുഷ്യരുടെ സര്‍ഗശേഷിയും പരിശ്രമവുമാണ് ലോകത്തെ മുന്നോട്ട് നയിക്കുന്നത്. അതിനെ കീഴടക്കാന്‍ ഒരു ശക്തിക്കുമാവില്ല.
20. ◼ ''ദിവസേന, പൊട്ടിയ കുപ്പിയും കീറക്കടലാസും പഴന്തുണിയുമൊക്കെ പെറുക്കിനടന്ന് വിറ്റില്ലെങ്കില്‍ അന്നന്നത്തെ ആഹാരത്തിനു വഴിയില്ലാത്ത അവസ്ഥയിലായി അവര്‍.''
◼ ''ചവറുകള്‍ക്കു പകരം തൂക്കിനോക്കേണ്ടത് ഞങ്ങളുടെ വിശപ്പാണെന്നെനിക്കു തോന്നി.''
ഇത്തരത്തില്‍ ജീവിതദുരിതം പേറുന്ന നിരവധിയാളുകള്‍ നമ്മുടെ ചുറ്റുമില്ലേ? അവരെ സഹായിക്കാനായി നമുക്ക് ചെയ്യാവുന്നതെന്തെല്ലാം? അതിനായി നമ്മുടെ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തെല്ലാം? 'സഹജരുടെ കണ്ണീരൊപ്പാം' എന്ന വിഷയത്തില്‍ പ്രഭാഷണം തയാറാക്കുക.
പ്രിയ ശ്രോതാക്കളേ,
എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ളവ ഭൂമിയിലുണ്ട്. പക്ഷേ, ആര്‍ഭാടത്തിനുള്ളവ ഇല്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ്. നമ്മുടെ ചുറ്റുമൊന്നു നോക്കിയാല്‍ ഗാന്ധിജിയുടെ വാക്കുകള്‍ സത്യമാണെന്ന് ബോധ്യപ്പെടും. കുറച്ചുപേര്‍ എല്ലാവിധ സൗകര്യങ്ങളോടെയും കഴിയുമ്പോള്‍ എത്രയോ പാവങ്ങളാണ് ഇല്ലായ്മകളുടെ ദുരിതങ്ങളില്‍ നരകിക്കുന്നത്. ജീവിതദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ബാധ്യത നമുക്കെല്ലാവര്‍ക്കുമുണ്ട്. ചപ്പുചവറുകളും പാഴ്‌വസ്തുക്കളും പെറുക്കിവിറ്റ് തെരുവില്‍ക്കഴിയുന്ന ആളുകളും നമുക്കു ചുറ്റുമുണ്ട്. സമൂഹം അവരെ നോക്കുന്നത് അവജ്ഞയോടെയാണ്. മനുഷ്യരാണെന്ന പരിഗണനപോലും അവര്‍ക്ക് ലഭിക്കുന്നില്ല. ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്തവരും മരുന്നുവാങ്ങാന്‍ പണമില്ലാത്തവരും കയറിക്കിടക്കാന്‍ വീടില്ലാത്തവരുമായ എത്രയോപേരെ നിത്യവും നമ്മള്‍ കാണുന്നുണ്ട്. അവര്‍ക്ക് ആശ്രയമാവാനാണ് നാം ശ്രമിക്കേണ്ടത്. ആഘോഷങ്ങള്‍ക്കും മറ്റുമായി അനാവശ്യമായി ചെലവഴിക്കുന്ന തുക പാവങ്ങളുടെ ഉന്നമന്നത്തിനായി നമുക്ക് ചെലവഴിക്കാം. സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസ്ഥിതി സ്‌കൂള്‍തലം മുതല്‍ നമ്മള്‍ പരിശീലിക്കണം.
ധൂര്‍ത്തും ആഡംബരജീവിതവും നമ്മള്‍ ഉപേക്ഷിച്ചേ മതിയാകൂ. വിശക്കുന്നവന്റെ കണ്ണീര് തുടയ്ക്കാന്‍ വ്യക്തികളും സംഘടനകളും മതസ്ഥാപനങ്ങളും ഭരണാധികാരികളുമെല്ലാം തയാറാവണം. നിരാലംബരായ വൃദ്ധരുടെയും രോഗികളുടെയും ചുമതല സമൂഹം ഏറ്റെടുക്കണം. പണമില്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ചികിത്സകിട്ടാതെ വരരുത്. സമൂഹത്തിന്റെ പൂര്‍ണപിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇതൊക്കെ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. ഒട്ടേറെക്കാര്യങ്ങളില്‍ ലോകത്തിന് മാതൃകയായ നമ്മുടെ നാട് ശാന്തസുന്ദരമായ സമൂഹനിര്‍മ്മിതിക്കുകൂടെ മാതൃകയായി മാറട്ടെയെന്ന് ആശംസിച്ചുകൊണ്ട് എന്റെ വാക്കുകള്‍ നിര്‍ത്തുന്നു.
നന്ദി, നമസ്‌കാരം
യൂണിറ്റ് 5: കലകള്‍ കാവ്യങ്ങള്‍
21. 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന കഥയിലെ മിറലിന്റെ കുടുംബത്തിന്റെ ദാരിദ്ര്യത്തെ സൂചിപ്പിക്കാത്തത് താഴെ തന്നിരിക്കുന്നവയില്‍നിന്നും കണ്ടെത്തുക.
◼ പിഞ്ഞിയ കമ്പിളിയുടുപ്പ്
◼ വിളവെടുപ്പ് കഴിഞ്ഞ് പ്രസവരക്ഷ ചെയ്യുന്ന ഉരുളക്കിഴങ്ങുപാടങ്ങള്‍
◼ ആണി പറിഞ്ഞു നിലം പൊത്താറായ കൊച്ചുമേശ
◼ വിള്ളലുകള്‍ വീണ കവിടിക്കപ്പുകള്‍
ഉത്തരം: വിളവെടുപ്പ് കഴിഞ്ഞ് പ്രസവരക്ഷ ചെയ്യുന്ന ഉരുളക്കിഴങ്ങുപാടങ്ങള്‍
22.'തന്നില്‍നിന്നടര്‍ന്നൊരു മുത്തിനെ,.....'
അടിവരയിട്ട പദം സൂചിപ്പിക്കുന്നത് ആരെയാണ്?
◼ മറിയത്തെ ◼ യേശുവിനെ
◼ മൈക്കലാഞ്ജലോയെ ◼ പിയത്തയെ
ഉത്തരം: യേശുവിനെ
23. ''ഭര്‍ത്താവിന്റെ ഇരിപ്പിടത്തില്‍ എക്കാലത്തേക്കുമായി താന്‍ ഉറഞ്ഞുപോകുന്നതായി ജൂലിയാന അറിഞ്ഞു.''
(ഉരുളക്കിഴങ്ങ് തിന്നുന്നവര്‍)
സന്ദര്‍ഭത്തില്‍ തെളിയുന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന കഥയിലെ ഏറ്റവും ഭാവസാന്ദ്രമായ നിമിഷമാണിത്. എല്ലാവരുടെയും നിഴലുകളെ പിന്നിലേക്കു വീഴ്ത്തിയ റാന്തലിന്റെ കടുംമഞ്ഞ വെളിച്ചത്തില്‍ മിറലിന്റെ കണ്ണുകളില്‍ നിന്ന് ചോര പൊടിയുന്നതു കണ്ട നിമിഷത്തില്‍, തന്റെ ഭര്‍ത്താവ് മരണപ്പെട്ടുവെന്ന് ജൂലിയാന മനസ്സിലാക്കി. ഇക്കാര്യം തുറന്നുപറയാനാവാതെ മിറല്‍ വിഷമിക്കുകയാണെന്നും അവള്‍ തിരിച്ചറിഞ്ഞു. അതോടെ ഭര്‍ത്താവ് തിരിച്ചുവരുമെന്ന അവളുടെ പ്രതീക്ഷയും അസ്തമിച്ചു. ഭര്‍ത്താവ് എന്നും ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുമായിരുന്ന കസേരയില്‍ എക്കാലത്തേക്കുമായി താന്‍ ഉറഞ്ഞുപോവുകയാണെന്ന് ഉള്‍ക്കിടിലത്തോടെ ജൂലിയാന തിരിച്ചറിഞ്ഞു. താന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുവെന്ന സത്യം തിരിച്ചറിഞ്ഞ ജൂലിയാനയെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
24.◼ ''അസ്തമയം കഴിഞ്ഞുള്ള മരവിച്ച വെളിച്ചത്തിലൂടെ കിഴവന്‍ മിറല്‍ വേച്ചുവേച്ചു നടന്നു.''
◼ ''തന്റെ കുഞ്ചിരോമങ്ങളില്‍ ഹിമം പെയ്തടിയുന്നതും പിഞ്ഞിയ കമ്പിളിയുടുപ്പിന്റെ വിടവുകളിലൂടെ തണുപ്പിന്റെ കത്തിമുനകളാഴുന്നതും അറിയാതെ, റോട്ടര്‍ഡാമിലെ ദുഷിച്ച ആവാസസ്ഥാനങ്ങളും വിളവെടുപ്പു കഴിഞ്ഞ് പ്രസവരക്ഷ ചെയ്യുന്ന ഉരുളക്കിഴങ്ങുപാടങ്ങളും പിന്നിട്ട് വീടിനു നേരെയുള്ള ചെളിയിട വഴിയിലേക്ക് അയാള്‍ തിരിഞ്ഞു.''
(ഉരുളക്കിഴങ്ങ് തിന്നുന്നവര്‍)
കഥയുടെ ഭാവതലം പ്രതിഫലിക്കാന്‍ ഈ വാക്യങ്ങള്‍ എത്രത്തോളം പര്യാ
പ്തമാണെന്ന് പരിശോധിച്ച് കുറിപ്പ് തയാറാക്കുക.
മകന്റെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരികയാണ് വൃദ്ധനായ മിറല്‍. പ്രകൃതിയില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മനസ്സിലും സൂര്യാസ്തമയത്തിനു ശേഷമുള്ള മരവിച്ച വെളിച്ചവും വരാന്‍
പോകുന്ന രാത്രിയുടെ ഇരുട്ടുമാണുള്ളത്. വെളിച്ചത്തിന്റെ കണികപോലും മുന്നിലില്ലാത്ത അവസ്ഥ. ഉള്ളിലെ കനത്ത ദുഃഖം മൂലം മഞ്ഞിന്റെ കത്തിക്കയറുന്ന കൊടും തണുപ്പുപോലും അദ്ദേഹം അറിയുന്നില്ല.
പിഞ്ഞിയ കമ്പിളിയുടുപ്പ് അദ്ദേഹത്തിന്റെ ദാരിദ്ര്യാവസ്ഥയുടെ സൂചനയുമാണ്. ഭര്‍ത്താവിന്റെ വിവരമറിയാന്‍ കാത്തിരിക്കുന്ന മകന്റെ ഭാര്യയോടും അവരുടെ മകളോടും മരണവിവരണം വെളിപ്പെടുത്താനാവാതെ മിറല്‍ വല്ലാതെ വിഷമിക്കുന്നുമുണ്ട്. കഥയുടെ ഭാവസാന്ദ്രത പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന വാക്യങ്ങളാണിവ.
25. ചുവടെ കൊടുത്ത സൂചനകള്‍ വികസിപ്പിച്ച് 'മൈക്കലാഞ്ജലോ, മാപ്പ്' എന്ന കവിതയ്ക്ക് ആസ്വാദനം തയാറാക്കുക.
◼ പ്രമേയം
◼ മാനവികത
◼ ആവിഷ്‌കാരഭംഗി
◼ സവിശേഷപ്രയോഗങ്ങള്‍
◼ കാലികപ്രസക്തി
ജ്ഞാനപീഠജേതാവായ ഒ. എന്‍. വി. കുറുപ്പിന്റെ മികവുറ്റ രചനകളിലൊന്നാണ് 'മൈക്കലാഞ്ജലോ, മാപ്പ്' എന്ന കവിത. മാനവരാശിയുടെ ഇന്നത്തെ അവസ്ഥയിലുള്ള സങ്കടവും നിരാശയുമാണ് ഈ കവിതയുടെ കാതല്‍. മാനവരാശിയെ സങ്കടപ്പെടുത്തിയ ഒരു സന്ദര്‍ഭത്തിന്റെ അസ്ഥിവാരത്തില്‍ പണിതുയര്‍ത്തിയ ഈ കാവ്യശില്പം മലയാള കവിതാസാഹിത്യത്തിന് അഭിമാനിക്കാവുന്ന മുതല്‍ക്കൂട്ടുതന്നെയാണ്.
ലളിതമായ ഭാഷ, ഋജുവായ അവതരണരീതി, സംഗീതാത്മകമായ വരികള്‍, അര്‍ഥസമ്പുഷ്ടവും ഭാവസാന്ദ്രവുമായ വാക്കുകള്‍ ഇവയെല്ലാം ഒത്തുചേര്‍ന്ന ഈ കവിത പിയത്ത എന്ന ശില്പംപോലെ മനോഹരമാണ്. ദുഃഖത്തിന്റെ സൂര്യശിലയായ അമ്മ, നെഞ്ചുപിളര്‍ന്ന മുത്തിനെ മടിയിലേറ്റുന്ന ചിപ്പി എന്നീ പ്രയോഗങ്ങള്‍ സന്ദര്‍ഭത്തെ ഭാവസാന്ദ്രമാക്കുന്നു. യേശുദേവന്‍ അവസാനനിമിഷങ്ങളില്‍ പറഞ്ഞ വാക്കുകളായ ''ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ'' എന്നത് കവിതയുടെ അവസാനത്തില്‍ കവി ആവര്‍ത്തിക്കുന്നു. പുതിയ തലമുറയിലെ യുവാക്കള്‍ ലഹരിമരുന്നുകളില്‍ മുങ്ങി സ്വബോധം നശിച്ച് ചെയ്തുകൂട്ടുന്ന നശീകരണപ്രവൃത്തികളും അവയുടെ അനന്തരഫലങ്ങളും അവരറിയുന്നില്ല. മാനവസംസ്‌കാരത്തിന്റെ അമൂല്യസമ്പത്തുകളാണ് അവര്‍ തകര്‍ത്തെറിയുന്നത്. സുരക്ഷിതമായി കാത്തുസംരക്ഷിക്കേണ്ട കൈകള്‍തന്നെയാണ് വിനാശത്തിന്റെ ചുറ്റികയേന്തുന്നത്.
പൂര്‍വികര്‍ സമചിത്തതയോടെയും ഏകാഗ്രതയോടെയും കഠിനമായി അധ്വാനിച്ച് നിര്‍മ്മിച്ചെടുത്ത അതിമനോഹരശില്പങ്ങള്‍ പുതിയ തലമുറ എത്ര അലക്ഷ്യമായിട്ടാണ് തകര്‍ത്തെറിയുന്നത്. അവര്‍ നശീകരണത്തിന്റെ വഴിയിലൂടെ അതിവേഗത്തിലാണ് പാഞ്ഞുപോവുന്നത്. വിവേകത്തിന്റെ കരുത്ത് അവരുടെ ചിന്തകളിലോ പ്രവൃത്തികളിലോ ഇല്ല. തലമുറകള്‍ തമ്മിലുള്ള ഈ അന്തരമാണ് കവിതയുടെ പ്രമേയം.
അടിസ്ഥാനപാഠാവലി
1. ''അതെന്തൊരു അക്ഷന്തവ്യമായ അപരാധമാണ്!''
- ഏതു പ്രവൃത്തിയെക്കുറിച്ചാണ് കോരന്‍ ഇപ്രകാരം ചിന്തിക്കുന്നത്?
◼ നെല്ലു കരിഞ്ചന്തയില്‍ വില്‍ക്കല്‍
◼ കൂലിയായി നെല്ല് കിട്ടാത്തത്
◼ കഠിനമായി പണിയെടുപ്പിക്കുന്നത്
◼ അപ്പനെ ഉപേക്ഷിച്ച് ഭാര്യയെയും കൂട്ടി നാട്ടില്‍നിന്ന് പോന്നത്
ഉത്തരം:അപ്പനെ ഉപേക്ഷിച്ച് ഭാര്യയെയും കൂട്ടി നാട്ടില്‍നിന്ന് പോന്നത്
2. ''അന്നത്തെ സൂചിപ്രയോഗത്തിന്‍ നീറ്റല്‍ പോ-
ലൊന്ന് മനസ്സിലൂടപ്പോള്‍ കടന്നുപോയ്.''
മകന്റെ മാനസികാവസ്ഥയെക്കുറിച്ച് ഈ വരികള്‍ നല്‍കുന്ന സൂചന?
◼ അമര്‍ഷം ◼ പരിഹാസം
◼ കുറ്റബോധം ◼ ആത്മവിശ്വാസം
ഉത്തരം: കുറ്റബോധം
3. ''തേഞ്ഞുതീര്‍ന്ന കാല്‍മുട്ടുകളിലെ വേദനയും താങ്ങി മുറിയിലൂടെ അച്ചാലും മുച്ചാലും നടക്കേണ്ടതില്ലല്ലോ എന്ന ഖിന്നതയും അമ്മയിലുണ്ട്.''
'കാല്‍മുട്ട്' എന്ന പദത്തിന്റെ ശരിയായ വിഗ്രഹാര്‍ഥം ഏത്?
◼ കാലാകുന്ന മുട്ട് ◼ കാലിന്റെ മുട്ട്
◼ കാലും മുട്ടും ◼ കാലുള്ള മുട്ട്
ഉത്തരം: കാലിന്റെ മുട്ട്
4. ''മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണമായ്
പാടയും പീളയും മൂടിയ കണ്ണുകള്‍ ''
(അമ്മത്തൊട്ടില്‍)
ഈ വരികള്‍ വെളിപ്പെടുത്തുന്ന അമ്മയുടെ അവസ്ഥ വ്യക്തമാക്കുക.
വാര്‍ധക്യത്തിന്റെ ശോചനീയാവസ്ഥയാണ് ഈ വിശേഷണങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്നത്. കാഴ്ച കുറഞ്ഞ ജീവനില്ലാത്ത അമ്മയുടെ കണ്ണുകള്‍ക്ക് മങ്ങിപ്പഴകിയ പിഞ്ഞാണത്തിന്റെ നിറമാണ്.
പാടയും പീളയുമടിഞ്ഞ് അവ രോഗാതുരമായിരിക്കുന്നു. അസുഖം ബാധിച്ച് വല്ലാതെ തളര്‍ന്ന അവസ്ഥയിലാണ് ആ വൃദ്ധമാതാവ്.
വാര്‍ധക്യവും രോഗങ്ങളും വല്ലാതെ തളര്‍ത്തിക്കളഞ്ഞ അമ്മയുടെ ദയനീയത മുഴുവനും ഈ വരികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
5. ''ഏതോ ദിശയില്‍നിന്ന് അടിച്ചെത്തിയ കാറ്റില്‍ ശബ്്ദങ്ങളുടെ കരിയിലകള്‍ അപ്പാടെ പാറിപ്പോയിരിക്കുന്നു.''
(ഓരോ വിളിയും കാത്ത്)
കഥാസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി അടിവരയിട്ട പ്രയോഗത്തിന്റെ പൊരുള്‍ വ്യക്തമാക്കുക.
വീട്ടിലെ ശബ്ദസാന്നിധ്യമായിരുന്നു അച്ഛന്‍. കാറ്റില്‍ കരിയിലകള്‍ പാറിപ്പോകുന്നതുപോലെ എവിടെനിന്നോ എത്തിയ മരണത്തിന്റെ കാറ്റില്‍ അച്ഛനും അദ്ദേഹത്തിന്റെ വാക്കുകളും പാറിപ്പോയിരിക്കുന്നു.
6. 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ മകനും, 'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ മകനും അമ്മയോട് പുലര്‍ത്തുന്ന മനോഭാവം താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ മകനും 'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ മകനും നിസ്സഹായരാണ്. ഓര്‍മ്മ നഷ്ടപ്പെട്ട വൃദ്ധയായ അമ്മയെ ഉപേക്ഷിക്കാന്‍ കഴിയാത്തതിന്റെ നിസ്സഹായതയാണ് കവിതയിലെ മകന്റേത്. കണ്ടെത്തിയ ഇടങ്ങളിലെല്ലാം അമ്മയുമായി ബന്ധപ്പെട്ട ഓര്‍മ്മകളുണ്ടായിരുന്നു. അത് അയാളെ തളര്‍ത്തി. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അയാള്‍ അമ്മയെ വഴിയില്‍ ഉപേക്ഷിക്കാനിറങ്ങിയത്. തിരിച്ചറിവ് നഷ്ടമായെങ്കിലും കണ്ണിമ ചലിക്കാതെയുള്ള അമ്മയുടെ നോട്ടം നേരിടാന്‍പോലും മകനാവുന്നില്ല.
കഥയിലെ മകന്‍ നേരിടുന്നത് മറ്റൊരു പ്രതിസന്ധിയാണ്. അച്ഛന്റെ മരണശേഷം ഗ്രാമത്തിലെ വലിയ വീട്ടില്‍ അമ്മ ഒറ്റയ്ക്കായി. നഗരത്തില്‍ താന്‍ താമസിക്കുന്ന വീട്ടിലേക്ക് അമ്മയെ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തതിന്റെ നിസ്സഹായതയാണ് കഥയിലെ മകന്റേത്. അച്ഛനെക്കുറിച്ചുളള ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന വീട്ടില്‍നിന്നിറങ്ങാന്‍ അമ്മയ്ക്ക് കഴിയുന്നില്ല. അമ്മയെ ഒറ്റയ്ക്കാക്കി തിരിച്ചുപോകാന്‍ മകനും കഴിയുന്നില്ല. കവിതയിലെ മകന് അമ്മയെ കളയാന്‍ കഴിയാത്തതിന്റെ വിഷമമാണെങ്കില്‍, കഥയിലെ മകന് അമ്മയെ കൂടെ കൊണ്ടുപോകാന്‍ കഴിയാത്തതിന്റെ വിഷമമാണുള്ളത്. ഇക്കാലത്ത് പുതുതലമുറ പ്രകടിപ്പിക്കുന്ന വ്യത്യസ്ത മനോഭാവങ്ങളാണ് കഥയിലും കവിതയിലുമുള്ളത്.
7. ''അവളു മറ്റൊള്ളോരെ തീറ്റുകാ. എന്നിട്ട് അവള് ഒണങ്ങുകേം. ഏനു ചീത്തപ്പേരുണ്ടാക്കരുതെന്ന് എന്നും പറയും.'' (പ്ലാവിലക്കഞ്ഞി)
- ജീവിതത്തിന്റെ ഇല്ലായ്മകളെ സ്‌നേഹംകൊണ്ട് അതിജീവിക്കുകയാണ് കോരനും ചിരുതയും. വിശകലനം ചെയ്ത് കുറിപ്പെഴുതുക.
കോരനു കിട്ടുന്ന കൂലി ആ കുടുംബത്തിന് ഒരുനേരത്തെ ഭക്ഷണത്തിനുപോലും തികയുകയില്ല. തനിക്കുള്ള ഭക്ഷണംപോലും ചിരുത ഭര്‍ത്താവിനു വിളമ്പിക്കൊടുക്കുന്നു. ഇക്കാര്യം കോരനുമറിയാം. വയറിന് കമ്പിതമാണെന്നും വിശപ്പില്ലെന്നും മറ്റും അയാള്‍ പറയുന്നത് അതുകൊണ്ടാണ്. ഈ ഇല്ലായ്മകളുടെ നടുവിലേക്കാണ് പട്ടിണികിടന്ന് രോഗിയായ അച്ഛന്‍ കടന്നുവരുന്നത്. അതോടെ കോരന്റെയും ചിരുതയുടെയും ലക്ഷ്യം അച്ഛന് ഭക്ഷണം നല്‍കുക എന്നതായി. ചിരുത മുറം വിറ്റുണ്ടാക്കിയ കാശുപോലും അച്ഛന് ഒരുനേരം കഞ്ഞികൊടുക്കാനാണ് അവള്‍ ഉപയോഗിച്ചത്. ചിരുതയ്ക്കും കോരനും അച്ഛനുമായി പങ്കുവയ്ക്കാന്‍ അവരുടെ ഇല്ലായ്മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, സ്‌നേഹംകൊണ്ട് സമ്പന്നമായിരുന്നു ആ കുടുംബമെന്ന് നിസ്സംശയം പറയാന്‍കഴിയും.
8. വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പവും കുടുംബബന്ധങ്ങളുടെ പവിത്രതയുമാണ് സാമൂഹികബന്ധങ്ങളെ ദൃഢമാക്കുന്നത്. 'പ്ലാവിലക്കഞ്ഞി', 'ഓരോ വിളിയും കാത്ത്', 'അമ്മത്തൊട്ടില്‍' എന്നീ പാഠങ്ങളുടെ ആശയത്തെ മുന്‍നിര്‍ത്തി ലഘൂപന്യാസം തയാറാക്കുക.
സമൂഹത്തിന്റെ അടിത്തറ കുടുംബമാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പമാണ് സമൂഹത്തിന് കരുത്തുപകരുന്നത്. ഇന്ന് സമൂഹത്തില്‍ നാം കാണുന്ന പ്രധാനപ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം വ്യക്തിബന്ധങ്ങളിലുണ്ടായ അകല്‍ച്ചയും അവിശ്വാസവുംതന്നെയാണ്.
കോരന്‍, ഭാര്യ ചിരുത, കോരന്റെ അപ്പന്‍ എന്നിവരാണ് 'പ്ലാവിലക്കഞ്ഞി' എന്ന നോവല്‍ഭാഗത്തിലുള്ളത്. പകലന്തിയോളം എല്ലുമുറിയെ പണിയെടുത്തിട്ടും ഒരുനേരംപോലും ഭക്ഷണം കഴിക്കാനുള്ള വക അവര്‍ക്ക് കിട്ടുന്നില്ല. എങ്കിലും ഓരോരുത്തരും മറ്റുള്ളവര്‍ക്കുവേണ്ടി പട്ടിണികിടക്കാന്‍ തയാറായിരുന്നു. തനിക്കു കൂലി പണമായിട്ടു വേണ്ട, നെല്ലു മതിയെന്ന് കോരന്‍ ജന്മിയോടു പറഞ്ഞത് ആ സ്‌നേഹത്തിന്റെ കരുത്തുകൊണ്ടാണ്. ബന്ധങ്ങളുടെ ചൂടുംചൂരും അനുഭവിപ്പിക്കുന്ന കഥയാണ് 'ഓരോ വിളിയും കാത്ത്.' കിടപ്പുരോഗിയായ അച്ഛനെ അതീവശ്രദ്ധയോടെ പരിചരിക്കുകയായിരുന്നു അമ്മ. അദ്ദേഹത്തിന്റെ മരണത്തോടെ ആ വലിയ വീട്ടില്‍ അമ്മ ഒറ്റയ്ക്കായി. ആ വീടുവിട്ട് നഗരത്തില്‍ മകന്റെയടുത്തേക്ക് പോകാന്‍ അമ്മയ്ക്കാവില്ല. മറ്റുള്ളവരുടെ കണ്ണില്‍ മാത്രമാണ് അച്ഛന്‍ ഇല്ലാതായത്. അദ്ദേഹത്തിന്റെ വിളിയും സാന്നിധ്യവുമെല്ലാം ഇപ്പോഴും അമ്മ അനുഭവിക്കുന്നുണ്ട്. അമ്മയുടെ മനസ്സറിയുന്ന മകന്റെ നിസ്സഹായതയാണ് കഥയുടെ ജീവന്‍. ഓര്‍മ്മ നഷ്ടപ്പെട്ട പെറ്റമ്മയെ പെരുവഴിയില്‍ ഉപേക്ഷിക്കാന്‍ ഇറങ്ങുന്ന മകനാണ് 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ നായകകഥാപാത്രം. ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത പുതിയകാലത്തിന്റെ പ്രതീകമാണയാള്‍. അമ്മയെ ഇറക്കിവിടാന്‍ അയാള്‍ കണ്ടെത്തുന്ന ഇടങ്ങളിലെല്ലാം അമ്മ പകര്‍ന്നുകൊടുത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്നു. അമ്മയുടെ അലക്ഷ്യമായ നോട്ടം നേരിടാന്‍പോലും അയാള്‍ക്കാവുന്നില്ല.
മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിന്റെ മറ്റൊരു പേരാണ് സ്‌നേഹം. സ്‌നേഹം കൊടുക്കാനും വാങ്ങാനും പരിശീലിക്കേണ്ടത് വീട്ടില്‍നിന്നുതന്നെയാണ്. കുടുംബങ്ങളിലെ സ്‌നേഹത്തകര്‍ച്ചയാണ് പുതിയകാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്‌നേഹത്തിന്റെ മഹത്ത്വം മനസ്സിലാക്കുന്ന ഒരു തലമുറ വളര്‍ന്നുവരേണ്ടത് സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.
9. മാവേലിമന്നനെ വരവേല്‍ക്കാന്‍ പൊല്‍ക്കിഴിയെരിയുന്ന വെള്ളിത്താലവുമെടുത്ത് നിരന്നുനില്‍ക്കുന്നതാരാണെന്നാണ് കവി പറയുന്നത്?
◼ മുക്കുറ്റികള്‍ ◼ തുമ്പകള്‍
◼ നെയ്യാമ്പലുകള്‍ ◼ നിലാവ്
ഉത്തരം: നെയ്യാമ്പലുകള്‍
10. 'കോഴിയും കിഴവിയും' എന്ന കഥയിലെ മത്തായിയുടെ സ്വഭാവുമായി യോജിക്കുന്ന പഴഞ്ചൊല്ല് ഏതാണ്?
◼ കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
◼ മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ല
◼ മുളയിലറിയാം വിള
◼ പാലു കൊടുത്ത കൈയില്‍ കടിക്കുക
ഉത്തരം:പാലു കൊടുത്ത കൈയില്‍ കടിക്കുക
11.''കവികളായവരെല്ലാം നാട്ടിന്‍പുറത്തെ ഏതെങ്കിലും 'കൊതിയസമാജ'ത്തില്‍ അംഗങ്ങള്‍ ആയിരുന്നിരിക്കണം.''
കവികള്‍ കൊതിയസമാജത്തില്‍ അംഗങ്ങളായിരിക്കാമെന്ന് ലേഖകന്‍ സംശയിക്കാനുള്ള കാരണം?
◼ കവിതകളുടെ തേനൂറുന്ന മാധുര്യം
◼ മാമ്പഴത്തിന്റെ രുചിയും മാധുര്യവും
◼ മാവിന്റെ ഭംഗി
◼ വീടുകളില്‍ മാവുകള്‍ക്ക് നല്‍കിയിരിക്കുന്ന സ്ഥാനം
ഉത്തരം: കവിതകളുടെ തേനൂറുന്ന മാധുര്യം
12. ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങളുടെ പ്രധാനസവിശേഷതയെന്ത്?
◼ സാര്‍വലൗകികത്വം ◼ ജാതിചിന്ത
◼ മതപ്രബോധനം ◼ അനുഷ്ഠാനപ്രധാനം
ഉത്തരം: സാര്‍വലൗകികത്വം
13.''തുലാവര്‍ഷക്കാറ്റുകളും കാലവര്‍ഷക്കാറ്റുകളും ആ മുത്തശ്ശിയുടെ നിബിഡവും ശ്യാമളവുമായ തലമുടികളില്‍ക്കൂടെ വിരലോടിച്ചുപോവുക മാത്രം ചെയ്തു; തള്ളി ഇട്ടില്ല.''
കൊച്ചുചക്കരച്ചിക്ക് മനുഷ്യഭാവം നല്‍കിയിരിക്കുന്നത് എങ്ങനെ? കണ്ടെത്തി എഴുതുക.
ഇടതൂര്‍ന്ന കറുത്തമുടിയുള്ള ഒരു മുത്തശ്ശിയായി കൊച്ചുചക്കരച്ചിമാവിനെ സങ്കല്‍പ്പിച്ചിരിക്കുന്നു. മനുഷ്യരുടെ മുടിയില്‍ വാത്സല്യപൂര്‍വം തലോടുന്നതുപോലെയാണ് തുലാവര്‍ഷക്കാറ്റും കാലവര്‍ഷക്കാറ്റും ആ മാവിനെ തലോടി കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. മാവിന്റെ രൂപത്തിലും ഭാവത്തിലും മനുഷ്യസ്വഭാവം കല്‍പ്പിച്ചിരിക്കുന്നു.
14. 'നീളും മലയുടെ ചങ്ങലവട്ടയില്‍
നാളം പാടലവിരലാല്‍ നീട്ടിയു-
മോമല്‍ക്കവിളു തുടുത്തും തെല്ലൊരു
നാണത്തോടു പരുങ്ങിയൊരുങ്ങിടു-
മോണക്കോടിയുടുത്തൊരുഷസ്സേ''
-ഓണമുറ്റത്ത്
- ഈ വരികളിലെ വാങ്മയചിത്രത്തിന്റെ ഭംഗി വിശദമാക്കുക.
ഓണത്തപ്പനെ എതിരേല്‍ക്കാന്‍ ചങ്ങല വട്ടമായി കാത്തുനില്‍ക്കുന്ന കന്യകയാണ് ചിങ്ങപ്പുലരി. ഉദിച്ചുയരുന്ന സൂര്യനാണ് അവളുടെ കൈയിലെ വിളക്കിന്റെ നാളം. മൃദുലവും മനോഹരവുമായ വിരലുകളാല്‍ തിരിനീട്ടി പ്രകാശം കൂട്ടുമ്പോഴാണ് അവളുടെ കവിളുകള്‍ ചുവന്നുതുടുക്കുന്നത്. പുതുപൂക്കളും നാമ്പുകളുംകൊണ്ട് അലങ്കരിച്ച ഓണക്കോടിയുമുടുത്താണ് ചിങ്ങപ്പുലരി നില്‍ക്കുന്നത്. പ്രകൃതിയില്‍ മനുഷ്യഭാവങ്ങള്‍ കാണാനും ആവിഷ്‌കരിക്കാനുമുള്ള വൈലോപ്പിള്ളിയുടെ കഴിവിന് മകുടോദാഹരണമാണ് ഈ വരികള്‍.
15. ''അതിന്റെ ജീവന്‍ പോകുന്നതു കാണുമ്പോള്‍ കണ്ണു നിറയാത്തത്, കണ്ണില്‍ക്കൂടി വരേണ്ട വെള്ളം വായില്‍ ഊറുന്നതുകൊണ്ടാണ്.'' (കോഴിയും കിഴവിയും) - ഈ വരികളിലെ പരിഹാസം വ്യക്തമാക്കുക.
താന്‍ വളര്‍ത്തിയ ഒരു ജീവിയുടെ ജീവന്‍ പോകുന്നതു കാണുമ്പോള്‍ ഏതൊരാള്‍ക്കും സങ്കടം തോന്നേണ്ടതാണ്. എന്നാല്‍ ഭക്ഷണത്തോട് ആര്‍ത്തിയുള്ള ഒരാളുടെ കണ്ണിലല്ല, വായിലാണ് വെള്ളമൂറുന്നത്. താന്‍ വളര്‍ത്തിയ ജീവിയെ കൊന്നിട്ടായാലും അയാള്‍ക്കതിന്റെ ഇറച്ചി തിന്നാന്‍ കിട്ടിയാല്‍ മതി. ഏതു ജീവിയെക്കണ്ടാലും അതിന്റെ ഇറച്ചിയുടെ രുചി മാത്രമേഅയാളുടെ മനസ്സില്‍ ഉണ്ടാവുകയുള്ളൂ. സ്‌നേഹവാത്സല്യങ്ങളുടെ സ്ഥാനത്ത് ആര്‍ത്തി സ്ഥാനം പിടിച്ചിട്ടുള്ളവരെയാണ് ഈ വാക്യങ്ങളിലൂടെ കഥാകൃത്ത് പരിഹസിക്കുന്നത്.
16.''ആര്‍പ്പുവിളിക്കുവിനുണ്ണികളേ, യല-
കടലേ, മേന്മേല്‍ കുരവയിടൂ കൊ-
ച്ചരുവികളേ, ചെറുകന്യകളേ, ന-
ല്ലതിഥി നമുക്കിനിയാരിതുപോലെ?''
(ഓണമുറ്റത്ത്)
ഓണം കവിമനസ്സില്‍ ഉയര്‍ത്തുന്ന അതിരറ്റ ആഹ്ലാദം വരികളില്‍ തെളിയുന്നുണ്ടോ? സ്വാഭിപ്രായം കുറിക്കുക.
കളിച്ചുതിമിര്‍ക്കുന്ന കുട്ടികളോടും തിരയടങ്ങാത്ത അലകടലിനോടും മാവേലിമന്നനെ ആര്‍പ്പുവിളികളോടെ എതിരേല്‍ക്കാനാണ് കവി ആഹ്വാനം ചെയ്യുന്നത്. കൊച്ചരുവികളോടും ചെറുകന്യകളോടും മഹാബലിയെ കുരവയിട്ട് സ്വീകരിക്കാനും കവി പറയുന്നു. ഓണം കവിമനസ്സില്‍ അതിരറ്റ ആഹ്ലാദമാണ് ഉണ്ടാക്കുന്നത്. കാരണം നമ്മുടെ നാടിന്റെ കാര്‍ഷികസംസ്‌കാരത്തിന്റെയും സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും നന്മയുടെയും പ്രതീകമാണ് മഹാബലി. അതിനാല്‍ത്തന്നെ മഹാബലിയെ സ്വീകരിക്കാന്‍ പറയുന്നതിലൂടെ പൂര്‍വകാലമഹത്ത്വത്തില്‍ അഭിമാനിക്കുകയും മതിമറന്നാഹ്ലാദിക്കുകയും ചെയ്യുന്ന കവിയുടെ മനസ്സുതന്നെയാണ് കാണാന്‍ കഴിയുന്നത്.
17.ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളെ മുന്‍നിര്‍ത്തി 'ദേശകാലാതീതനായ ഗുരു' എന്ന ശീര്‍ഷകത്തില്‍ ഉപന്യാസം തയാറാക്കുക.
മനുഷ്യസമൂഹത്തെ ഒറ്റജാതിയായി കണ്ട മനുഷ്യസ്‌നേഹിയായിരുന്നു ശ്രീനാരായണഗുരു. ജാതിയുടെ പേരില്‍ മനുഷ്യര്‍ മനുഷ്യരെ വേര്‍തിരിക്കുന്നതിനും ചവിട്ടിമെതിക്കുന്നതിനും അടിമവേല ചെയ്യിക്കുന്നതിനുമെതിരെ അതിശക്തമായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള അദ്ദേഹത്തിന്റെ ശബ്ദവും മുഴക്കമുള്ളതായിരുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളുടെ വെളിച്ചംതന്നെയാണ് മലയാളികളെ മനുഷ്യരാക്കിയതെന്ന് നിസ്സംശയം പറയാം.
സാര്‍വലൗകികതയില്‍ ഊന്നിയുള്ളതായിരുന്നു ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെല്ലാം. ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'' എന്ന സന്ദേശം ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്കെല്ലാം ബാധകമാണ്. ''മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി''യെന്ന സന്ദേശവും മനുഷ്യരാശിയെ മുഴുവനും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ്.
''അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം''.
എന്ന സന്ദേശം വലിയവനെന്നോ ചെറിയവനെന്നോ ഉള്ള തരംതിരിവുകളെയെല്ലാം ഇല്ലാതാക്കി മനുഷ്യരെ സ്‌നേഹത്തിന്റെ ചരടില്‍ കോര്‍ത്തെടുക്കാന്‍ കെല്‍പ്പുള്ളതാണ്.
സങ്കുചിതചിന്തകള്‍ക്കെതിരെ നിലകൊള്ളാനുള്ള കരുത്താണ് നാം ആര്‍ജിക്കേണ്ടത്. മനുഷ്യരെ സ്‌നേഹിക്കാന്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ പോലും തടസ്സമാകരുത്. കാരണം മനുഷ്യര്‍ അനുഭവിക്കുന്ന യാതനകളും വേദനകളും എവിടെയും എല്ലാക്കാലത്തും ഒന്നുതന്നെയാണ്. സ്വാര്‍ഥത ഒന്നുകൊണ്ടു മാത്രമാണ് മനുഷ്യര്‍ക്കിടയില്‍ നിറത്തിന്റെയും ജാതിയുടെയും വര്‍ഗത്തിന്റെയും മതിലുകള്‍ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ പണിതുയര്‍ത്തുന്നത്. സമൂഹത്തിന്റെ താഴെക്കിടയില്‍ കഴിയുന്ന നിരപരാധികളാണ് അവയ്ക്കിടയില്‍പ്പെടുന്നതും ഞെരിയുന്നതും. മാനവികതയ്ക്കുവേണ്ടി നിലകൊണ്ട ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ സ്വാംശീകരിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ ചുമതല.
18. ''എന്തു നവീനം!കുലീനം! പ്രിയേ നിന്റെ
സുന്ദരദൃഷ്ടി, നിന്നിഷ്ടമാണെന്റെയും''
'സുന്ദരദൃഷ്ടി' എന്ന പദത്തിന്റെ വിഗ്രഹാര്‍ഥം?
◼ സുന്ദരമായ ദൃഷ്ടി
◼ സുന്ദരത്തിന്റെ ദൃഷ്ടി
◼ സുന്ദരവും ദൃഷ്ടിയും
◼ സുന്ദരം എന്ന ദൃഷ്ടി
ഉത്തരം: സുന്ദരമായ ദൃഷ്ടി
19. ''മൂന്നു പതിറ്റാണ്ടായി നൂലു കോര്‍ത്തു കുഴിഞ്ഞു പോയ കണ്ണുകള്‍ കൊണ്ട് അയാള്‍ ചുറ്റുപാടു നോക്കുന്നത് മത്തായി ശ്രദ്ധിച്ചു. ''(പണയം) അടിവരയിട്ട പദം സൂചിപ്പിക്കുന്നത്?
◼ തയ്യല്‍ജോലിയിലുള്ള ചാക്കുണ്ണിയുടെ ആത്മാര്‍ഥത
◼ ചുറ്റുപാടും നിരീക്ഷിക്കാനുള്ള ചാക്കുണ്ണിയുടെ കഴിവ്
◼ തയ്യല്‍ജോലിയില്‍ ഏര്‍പ്പെടുക മൂലം ചാക്കുണ്ണി അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍
◼ നൂല് സൂചിയില്‍ കോര്‍ത്തതുമൂലം ചാക്കുണ്ണിയുടെ കണ്ണുകള്‍ കുഴിഞ്ഞുപോയി
ഉത്തരം: തയ്യല്‍ജോലിയില്‍ ഏര്‍പ്പെടുക മൂലം ചാക്കുണ്ണി അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍
20. ''ബയനറ്റിനേക്കാള്‍ ഞാന്‍ പേടിക്കുന്നത് പത്രത്തെയാണ്.'' (പത്രനീതി) - നെപ്പോളിയന്റെ ഈ അഭിപ്രായത്തിന്റെ പൊരുളെന്ത്?
◼ പത്രങ്ങളുടേത് പരിഹാസ്യമായ നിലയാണ്.
◼ പത്രങ്ങളെ ഏകാധിപതികള്‍പോലും ഭയപ്പെട്ടിരുന്നു.
◼ പത്രം ബയനറ്റിനെപ്പോലുള്ള ആയുധമാണ്.
$ ഭരണാധികാരികള്‍ പത്രത്തെ പേടിക്കുന്നതിന് അടിസ്ഥാനമില്ല.
ഉത്തരം: പത്രങ്ങളെ ഏകാധിപതികള്‍പോലും ഭയപ്പെട്ടിരുന്നു.
21. ''ആട്ടേ, നാളെ ഞാനാ വഴി വര്ണ്ട്. ഈ അളവില് ഒരു കുപ്പായം കൂടി അടിക്കണം. തുണി ഞാനെടുത്തു തരാം. തയ്പുകൂലി പലിശേല് ഇരുന്നോട്ടെ.'' (പണയം)
മുകളില്‍ കൊടുത്ത സൂചനകളില്‍നിന്നും ചെമ്പുമത്തായിയുടെ രണ്ട് സ്വഭാവസവിശേഷതകള്‍ കണ്ടെത്തിയെഴുതുക.
ചെമ്പുമത്തായിയുടെ പണത്തിനോടുള്ള ആര്‍ത്തിയും മനുഷ്യത്വമില്ലായ്മയുമാണ് ഈ വാക്യങ്ങളില്‍ പ്രതിഫലിക്കുന്നത്. കടം വാങ്ങിയ ആള്‍ എത്ര ദയനീയസ്ഥിതിയിലാണെങ്കിലും അയാളില്‍നിന്ന് പലിശയെങ്കിലും ഈടാക്കാമെന്ന് ചിന്തിക്കുന്ന ചെമ്പുമത്തായിയുടെ ക്രൂരമനസ്ഥിതി ഈ വാക്യങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്നു.
22.''പത്രങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ സേവനം, അച്ചടിച്ചത് കണ്ടാല്‍ അവിശ്വസിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുന്നു എന്നതാണ്.''
-ഈ പ്രസ്താവനയില്‍ തെളിയുന്ന വിമര്‍ശനം രണ്ട് സൂചനകളായി എഴുതുക.
◼ സത്യമായിട്ടുള്ള കാര്യങ്ങളല്ല പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്.
◼ ജനങ്ങള്‍ക്ക് പത്രങ്ങളിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു.
23.◼ ''പണ്യെടുക്കമ്പളും റേഡിയോ കേള്‍ക്കാം മൂപ്പരേ, ഞാനങ്ങന്യാര്‍ന്നു. തയ്ക്കണ സമയത്ത് പാട്ടും നാടകോം ശബ്ദരേഖേം ഒക്കെ കേള്‍ക്കും. ബട്ടണ്‍ തുന്നുമ്പോ പ്രാദേശികവാര്‍ത്ത. വക്കടിക്കുമ്പോ വയലും വീടും...'' (ചാക്കുണ്ണി)
◼ ''ഉവ്വേരിക്കും. പക്ഷേ, എന്തായാലും സ്വര്‍ണത്തിന്റെ വെലേണ്ടാവോ? ഈ റേഡിയോം പാട്ട്വക്കെ ഇനിക്കത്ര പിട്ത്തല്ല്യാ. മന്ഷ്യരെ മെനക്കട്ത്താന്‍ ഓരോ ഏര്‍പ്പാടോള്! ആ നേരം വല്ല പണീം എടുത്താല് നാല് കാശ്ണ്ടാക്കാം.'' (ചെമ്പുമത്തായി)
സമൂഹത്തില്‍ നിലനില്‍ക്കുന്ന രണ്ട് വ്യത്യസ്ത മനോഭാവങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ ചാക്കുണ്ണിയുടെയും ചെമ്പുമത്തായിയുടെയും സ്വഭാവം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
ചില മനുഷ്യര്‍ കലകളില്‍ സന്തോഷം കണ്ടെത്തുന്നവരാണ്. മറ്റു ചിലര്‍ക്ക് സ്വത്തിലും സമ്പത്തിലും മാത്രമാണ് താല്‍പ്പര്യം. ചാക്കുണ്ണി ആദ്യത്തെ വിഭാഗത്തില്‍ പെടുന്നയാളാണ്. പലിശക്കാരന്‍ ചെമ്പുമത്തായി രണ്ടാമത്തേതിലും. റേഡിയോ പരിപാടികള്‍ കേള്‍ക്കാനുള്ള ആഗ്രഹംകൊണ്ടാണ് വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ചാക്കുണ്ണി ഒരു റേഡിയോ വാങ്ങിയത്. ഇത് അയാള്‍ സമ്പത്തിനേക്കാള്‍ കലകള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്. മകന്റെ ചികിത്സയ്ക്കായി റേഡിയോ പണയംവെച്ചതോടെ ചാക്കുണ്ണിയുടെ സന്തോഷവും ഏകാഗ്രതയുമെല്ലാം നഷ്ടപ്പെട്ടു. കലകള്‍ ആസ്വദിക്കുന്നത് ചെമ്പുമത്തായിക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത കാര്യമാണ്. സമയം വെറുതെ പാഴാക്കാതെ പണിയെടുത്ത് കാശുണ്ടാക്കണമെന്നാണ് ചെമ്പുമത്തായി ചാക്കുണ്ണിയെ ഉപദേശിക്കുന്നത്. വീടിന്റെ അറകളില്‍ ശേഖരിച്ചുവയ്ക്കുന്ന സ്വര്‍ണം മാത്രമാണ് ചെമ്പുമത്തായിയെ സന്തോഷിപ്പിച്ചത്. കലകളോടു മാത്രമല്ല, അതാസ്വദിക്കുന്നവരോടും അയാള്‍ക്ക് പുച്ഛമായിരുന്നു. മക്കളെപ്പോലും അയാള്‍ സ്‌നേഹിച്ചിട്ടില്ല. അവരെ ക്രൂരമായി ശിക്ഷിച്ചാണ് വളര്‍ത്തിയതെന്ന് മത്തായി അഭിമാനത്തോടെ പറയുന്നുമുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന രണ്ടു വ്യത്യസ്ത മനോഭാവമുള്ളവരുടെ പ്രതിനിധികളാണ് ചെമ്പുമത്തായിയും ചാക്കുണ്ണിയും.
24.''അമ്മതന്നെയാണ് മാതൃഭാഷ.'' ഈ പ്രസ്താവന 'അമ്മയുടെ എഴുത്തുകള്‍' എന്ന കവിതയിലെ ആശയങ്ങളോട് എത്രമാത്രം പൊരുത്തപ്പെടുന്നു? പരിശോധിച്ച് കുറിപ്പ് തയാറാക്കുക.
'അമ്മയുടെ എഴുത്തുകള്‍' എന്ന കവിതയില്‍ അമ്മയുടെ സ്ഥാനംതന്നെയാണ് മാതൃഭാഷയ്ക്കും നല്‍കിയിരിക്കുന്നത്. ഓരോന്നിനോരോ മൊഴിച്ചന്തം, നേരിന്റെ ഈണവും താളവും ഇമ്പവും, നാവിലുതിര്‍ക്കുന്ന ചൊല്ലുകള്‍ എന്നിങ്ങനെയുള്ള കവിതയിലെ സൂചനകളെല്ലാം മാതൃഭാഷയുമായി യോജിക്കുന്നവയാണ്. സംസ്‌കാരവും അറിവുമെല്ലാം അനായാസം ഹൃദയത്തിലേക്ക് പകര്‍ന്നുതരാന്‍ മാതൃഭാഷയ്ക്കു മാത്രമേ സാധിക്കൂ. അമ്മയില്‍നിന്ന് അകന്നുപോകുന്ന കുട്ടികള്‍ മാതൃഭാഷയില്‍നിന്നും അകന്നുപോകുന്നു. വിരുന്നുകാരെ സ്വീകരിക്കാന്‍ വിദേശഭാഷ ആവശ്യമാണ്. പക്ഷേ, അതൊരിക്കലും മാതൃഭാഷയ്ക്കു പകരമാകരുത്. കാരണം അമ്മയുടെ വാത്സല്യം, ഉത്കണ്ഠ, സാരോപദേശങ്ങള്‍, വേദന, പ്രാര്‍ഥന, നാമസങ്കീര്‍ത്തനം, നാട്ടുപുരാണങ്ങള്‍, വിതപ്പൊലിപ്പാടുകള്‍, വീട്ടുവഴക്കുകള്‍, ഊട്ടുത്സവങ്ങള്‍, നാവേറുമന്ത്രങ്ങള്‍, നറുക്കിലപ്പൂവുകള്‍, മരുന്നുകുറിപ്പുകള്‍ എന്നിവയെല്ലാം മാതൃഭാഷയിലൂടെയുമാണ് നമ്മിലേക്കെത്തിച്ചേരുന്നത്.
25. ജനാധിപത്യഭരണത്തെ കുറ്റമറ്റതാക്കുന്നത് പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ്. ഇക്കാലത്തെ മാധ്യമങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? നിങ്ങളുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ഉപന്യാസം തയാറാക്കുക.
മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ജനാധിപത്യത്തിന്റെ തിരുത്തല്‍ശക്തി. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പോരായ്മകള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരനടപടികളെടുക്കാന്‍ പ്രേരിപ്പിക്കേണ്ടത് മാധ്യമങ്ങളാണ്. അതോടൊപ്പം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്‍കുകയും വേണം. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രേരിപ്പിക്കുകയാണ് ശരിയായമാധ്യമധര്‍മ്മം.
നമ്മുടെ നാട്ടില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും മതസമുദായസംഘടനകളും വ്യവസായപ്രമുഖരും നടത്തുന്ന ധാരാളം പത്രങ്ങളും ദൃശ്യമാധ്യമങ്ങളുമുണ്ട്. ജനങ്ങള്‍ക്കുവേണ്ടി സത്യത്തോടൊപ്പം നില്‍ക്കുന്നതിനുപകരം മാധ്യമമുതലാളിമാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇന്ന് മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു സംഭവത്തെപ്പറ്റി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമങ്ങളില്‍ വരുന്നത് അതുകൊണ്ടാണ്. വളച്ചൊടിക്കപ്പെട്ട സത്യങ്ങളാണ് ഭൂരിഭാഗം വാര്‍ത്തകളും. നുണകള്‍ ആവര്‍ത്തിച്ചുപറഞ്ഞ് സത്യമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിത്. സത്യമറിയാനുള്ള ജനങ്ങളുടെ അവകാശം ഇതുമൂലം ഹനിക്കപ്പെടുന്നു. ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും അഴിമതിയും ഇത്രയധികം പെരുകാനുള്ള ഒരു കാരണം മാധ്യമങ്ങളുടെ ഇത്തരം നിലപാടുകളാണ്. മാധ്യമങ്ങള്‍ വിശ്വസ്തത കാണിക്കേണ്ടത് ജനങ്ങളോടാണ്. യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളെ അറിയിക്കാനുള്ള ചുമതലയില്‍നിന്ന് അവര്‍ ഒരിക്കലും പിന്മാറാന്‍ പാടില്ല. ജനങ്ങളുടെ മുന്നില്‍ സത്യം വെളിപ്പെടുത്തേണ്ടവര്‍ അനീതിക്കും കളവുകള്‍ക്കുമൊപ്പം നില്‍ക്കുന്നത് കടുത്ത ജനവഞ്ചനതന്നെയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കെ.പി. കേശവമേനോന്റെയും മറ്റും പാരമ്പര്യത്തില്‍ വളര്‍ന്നുവന്നതാണ് നമ്മുടെ നാട്ടിലെ പത്രമാധ്യമങ്ങള്‍. അതുകൊണ്ടുതന്നെ തങ്ങളുടെ ധര്‍മ്മം മറന്ന് മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും ഒരിക്കലും പ്രവര്‍ത്തിച്ചുകൂടാ.
Questions & Answers PDF






















No comments:
Post a Comment